Wednesday, 2 January, 2013

ഒന്ന് - അമ്മയ്ക്കൊരുമ്മ

ഏതാനും മാസങ്ങൾക്ക് മുൻപ് പഴങ്കഥ പറഞ്ഞ കൂട്ടത്തിൽ അമ്മ എന്റെ ഭാര്യയോട് പറഞ്ഞ ഒരു കഥയിൽ നിന്ന് തന്നെ തുടങ്ങാം.
അച്ഛനമ്മമാരുടെ ഏഴുമക്കളിൽ ഇളയവനായി 1978 മാർച്ച് മാസം 12ആം തിയതി ഞായറാഴ്ച വീട്ടിലൊരുക്കിയ പ്രസവമുറിയിൽ പിറന്ന് വീഴുമ്പോൾ ഞാനറിഞ്ഞിരുന്നില്ല, ഞാൻ ജനിക്കേണ്ടിയിരുന്നവനേ അല്ലായിരുന്നു എന്ന കാര്യം!

അമ്മയുടെ പ്രായം അന്ന് മുപ്പത്തി അഞ്ച്. എന്നെ പ്രസവിക്കും മുൻപ് എട്ട് മക്കളെ പ്രസവിച്ചതിൽ രണ്ടുപേർ ചെറുപ്പത്തിൽത്തന്നെ മരിച്ചു. ശേഷിക്കുന്ന ആറുമക്കളിൽ ഇളയ ആൾക്ക് എട്ട് വയസ്സായപ്പോളാണ് അമ്മ എന്നെ ഗർഭം ധരിക്കുന്നത്. കുടുംബക്കാർക്കിടയിലും അയൽക്കാർക്കിടയിലും ഈ ഗർഭം ചർച്ചാവിഷയമായി. അവരിൽ അടുപ്പമുള്ളവർ അമ്മയെ കുറ്റപ്പെടുത്തുകയും അല്ലാത്തവർ മുനവച്ച സംസാരത്തിലൂടെയും കളിയാക്കലുകളിലൂടെയും അവരെ തളർത്തിക്കൊണ്ടും ഇരുന്നു. എട്ടുപെറ്റപ്പോൾ അനുഭവിക്കേണ്ടിവന്നതിനെക്കാൾ വലിയ വേദനയായിരിക്കണം അമ്മ അന്ന് അനുഭവിച്ചിട്ടുണ്ടാവുക. ഒടുവിൽ ഇതൊന്നും സഹിക്കാൻ വയ്യാതായപ്പോൾ അവർ ഏറെ വിഷമത്തോടെ അവർ ഒരു തീരുമാനത്തിലെത്തി, ഈ കുട്ടി വേണ്ട!!

ആരോഗ്യപ്രവർത്തകരായ ചില സ്ത്രീകളുടെ ഒത്താശയോടെ ഒരാശുപത്രിയിൽ കൃത്യം നടപ്പാക്കാനുള്ള ഏർപ്പാടുകൾ ചെയ്ത് തിയതിയും കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. സ്കൂളിലും കോളേജിലും പോകുന്ന മക്കളെ യാത്രയാക്കി, മൂത്തമക്കളോട് ഇളയവരെ നോക്കിക്കൊള്ളണമെന്ന് ചട്ടം കെട്ടി, ഇളയവരോട് അമ്മയ്ക്ക് സുഖമില്ല-ആശുപത്രിയിൽ പോകും, രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്നൊക്കെ പറഞ്ഞ് അമ്മ തയ്യാറെടുത്തു.

വൈകുന്നേരം സ്കൂൾ വിട്ട് മടങ്ങിവന്ന മക്കൾ കണ്ടത് കരഞ്ഞ് കലങ്ങിയ കണ്ണുമായി മുറിയുടെ മൂലയ്ക്ക് തളർന്നിരിക്കുന്ന അമ്മയെ ആണ്. ഒരുപക്ഷേ ഏറെനാൾ മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന സമസ്യയിൽ നിന്നു നേടിയ മോചനം അമ്മയ്ക്ക് കൊടുത്തത് വരാനിരിക്കുന്ന ഏത് കൊടുങ്കാറ്റിനെയും ഒരുറച്ച പാറപോലെ നിന്ന് നേരിടാനുള്ള മനക്കരുത്തായിരിക്കണം. കാരണം, അമ്മയെടുത്ത തീരുമാനം എന്നെ പ്രസവിച്ച് വളർത്തുക എന്നതായിരുന്നു.

ഏറെ ദുഷ്കരമായിരുന്നു അന്നത്തെ ജീവിതം എന്ന് പിന്നീട് ഇതുപോലെ കേട്ടറിഞ്ഞ കഥകളിൽ നിന്ന് ഞാൻ മനസ്സിലാക്കി. ഏഴുമക്കളെ വളർത്തുക, അവരുടെ വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം, ഭക്ഷണം, മറ്റ് ചിലവുകൾ.. ഇവയെല്ലാം അച്ഛന്റെ ഒരാളുടെ വരുമാനത്തിൽ നിന്ന് തന്നെ കണ്ടെത്തണമായിരുന്നു. ഒരു ഗ്രാമപ്രദേശത്തെ ജുമാ മസ്ജിദിലെ ഇമാമിന് ഇന്നു കിട്ടുന്ന ശമ്പളം എണ്ണായിരത്തിൽ താഴെ ആണെന്ന് അറിയുമ്പോൾ ഊഹിക്കാവുന്നതേ ഉള്ളൂ മുപ്പത്തഞ്ച് വർഷം മുൻപത്തെ അവസ്ഥ. എന്നാലും ചെറുപ്പത്തിലൊരിക്കലും പട്ടിണി കിടന്ന ഓർമ്മ എനിക്കില്ല. പശുവിനെ വളർത്തി പാലു കറന്ന് വിറ്റും കോഴിയെ വളർത്തി മുട്ട വിറ്റും ഈ പ്രാരാബ്ധങ്ങളേ നേരിടാൻ അമ്മ അച്ഛനെ സഹായിച്ചുകൊണ്ടിരുന്നു.

ജനിച്ച വീട്ടിലെയും നാട്ടിലെയും എന്റെ ജീവിതം നാലുവയസ്സായതോടെ കഴിഞ്ഞു. മുറ്റത്തെ കിണറ്റിൻ കരയിൽ വെള്ളം കുടിപ്പിക്കാനോ മറ്റോ ശശി എന്ന പാപ്പാൻ കൊണ്ടുവരുന്ന രണ്ടാനകൾ, എന്നോടൊപ്പം ഓടിക്കളിച്ച് വളർന്ന ചിന്തുക്കുട്ടന്റെ വീടും മറ്റൊരയല്പക്കമായിരുന്ന നാരകത്താനിയിലെ അമ്മയും ചേച്ചിമാരും, രാവിലെയും വൈകുന്നേരവും വഴിയിലൂടെ പോകുന്ന കാളവണ്ടികൾ. ആ കാലത്തിന്റെ ഓർമ്മകൾ അവിടെ അവസാനിക്കുന്നു.

ജന്മനാട് കോട്ടയം ജില്ലയിലെ മണിമലയ്ക്കടുത്തുള്ള ഈ ഗ്രാമമായിരുന്നെങ്കിലും അച്ഛന്റെ തറവാടും ബന്ധുക്കളും സ്വന്തമായി കുറച്ച് വയലും പുരയിടവും ഒക്കെ ഉള്ളത് എറണാകുളം ജില്ലയിലെ കാക്കനാട്ട് ആയിരുന്നു. എനിക്ക് നാലു വയസ്സായതോടെ അങ്ങോട്ട് കുടിയേറാനുള്ള പ്രയത്നത്തിലായി കുടുംബം.

കാളവണ്ടികളുടെ നാട്ടിൽ നിന്ന് വിമാനവും തീവണ്ടിയും കടലും കപ്പലുമൊക്കെയുള്ള നാട്ടിലേക്ക്!!

(തുടരും)